പാവറട്ടി: വിൽപ്പനക്കായി ബൈക്കിൽ എം.ഡി.എം.എ യും കഞ്ചാവും കൊണ്ടുപോകുന്നതിനിടയിൽ പോലീസ് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ക്ഷേത്രമോഷണവും തെളിഞ്ഞു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ വെങ്കിടങ്ങ് തൊയക്കാവിൽ നടത്തിയ ക്ഷേത്ര കവർച്ചയാണ് തെളിഞ്ഞത്. കാളിയേക്കലിലെ വേലിയത്ത് രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും താലികളുമാണ് കവർന്നത് തങ്ങളാണെന്ന് കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെളുത്തൂർ ചെത്തിക്കാട്ടിൽ വിഷ്‌ണു സാജൻ (20), കണ്ടശ്ശാംകടവ് പടിയം വാടയിൽ വീട്ടിൽ വി.എസ് വിഷ്ണു എന്നിവർ അന്തിക്കാട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എസ്.ഐ. അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സഘമാണ് വെള്ളിയാഴ്‌ച രാത്രി കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിക്ക് സമീപത്തെ പാർക്കിൽ നിന്ന് ഇരുവരെയും പിടികൂടിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ഇവരുടെ പാന്റിസിന്റെയും ഷർട്ടിന്റെയും കീശയിലും ദേഹത്തും ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എം.ഡി.എം.എ യും 13.75 ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലാണ് ക്ഷേത്ര കവർച്ച തെളിഞ്ഞത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കിൽ എത്തിയ ഇരുവരും ക്ഷേത്രനട അടക്കാൻ ഒരുങ്ങിയ പൂജാരി വിബിനോട് നട അടക്കരുതെന്നും തങ്ങളുടെ മാതാപിതാക്കൾ ദർശനത്തിന് ഉടൻ വരുമെന്നും അറിയിച്ചു. ഇതോടെ പൂജാരി അടുത്ത വീട്ടിലേക്ക് മൊബൈൽ എടുക്കാൻ പോയ തക്കം നോക്കി ഇരുവരും ക്ഷേത്രത്തിന് അകത്ത് കയറിയാണ് കവർച്ച നടത്തി സ്ഥലം വിട്ടത്. പരാതിപ്രകാരം പാവറട്ടി പൊലിസ് സമീപത്തെ കടയിലെയും പരിസരത്തെയും സി.സി.ടി.വി. കാമറകളും പരിശോധിച്ചപ്പോഴാണ് ഇരുവരേയും തിരിച്ചറിഞ്ഞത് പിടിയിലായവരിൽ ഒരാൾ കാലിൽ പ്ലാസ്റ്റർ ധരിച്ചിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്. മോഷണം നടന്ന ക്ഷേത്രത്തിലെ പൂജാരിയെ അന്തിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ക്ഷേത്രത്തിൽ എത്തിയത് ഇവർ തന്നെയാണെന്ന പൂജാരിയും തിരിച്ചറിഞ്ഞു. വിവരം അറിയിച്ചതോടെ പാവറട്ടി പൊലീസും അന്തിക്കാട് എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ ജോസി, എ.എസ്.ഐ ചഞ്ചൽ, സി.പി.ഒമാരായ സനിൽകുമാർ കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു.