Friday, November 22, 2024

‘തൃശൂർ പൂരം കലക്കി സുരേഷ് ഗോപിക്ക് വഴിവെട്ടി’; പൊലീസ് മേധാവിക്കെതിരെ പി.വി അൻവർ; സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ: തൃശൂർ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വി.എസ് സുനിൽ കുമാർ ഉറപ്പായും ജയിക്കുമായിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് പി.വി അൻവർ എം.എൽ.എ. എല്ലാം മാറ്റിമറിച്ചത് തൃശൂർ പൊലീസിന്റെ പൂരം കലക്കലാണ്. സുരേഷ് ഗോപിക്ക് വഴിവെട്ടിയത് എ.ഡി.ജി.പി അജിത്ത്‌ കുമാറാണെന്നും പി.വി അൻവർ പരോക്ഷമായി ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“അവന്മാരൊക്കെ കമ്മികളാണ് സാറേ.!!”

“തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌
വഴി വെട്ടി കൊടുത്തതാര്?

ഒരു വർഷത്തിന് മുൻപ്‌ നടന്ന ഒരു കാര്യമാണ്.മറുനാടൻ വിഷയം കത്തി നിൽക്കുന്ന സമയം.തൃശ്ശൂർ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകൾ തൃശ്ശൂർ രാമനിലയത്തിൽ എന്നെ കാണാനെത്തിയിരുന്നു.മറുനാടനെതിരെയും,പോലീസിനെതിരെയുമുള്ള അവരുടെ ചില പരാതികൾ നേരിട്ട്‌ പറയാനാണ് അവർ എത്തിയത്‌.

അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ചിലർക്കെതിരെയും,അവർക്കെതിരെ വ്യാജവാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെയും അവർ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് അവർ എത്തിയത്‌.

“വിഷയം എഡിജിപി അജിത്ത്‌ കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന്” അവരോട്‌ പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.

“അയ്യോ സാർ..വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല,അദ്ദേഹത്തോട്‌ പറയേണ്ടതില്ല” എന്നായിരുന്നു അവരുടെ മറുപടി.

കാരണം അവരോട്‌ അന്വേഷിച്ചു.

അവർ കാര്യങ്ങൾ വിശദമായി പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ അവർ ഇന്നത്തെ തൃശ്ശൂർ എം.പി.ശ്രീ.സുരേഷ്‌ ഗോപിയെ സമീപിച്ചിരുന്നു.വിഷയങ്ങൾ കേട്ട ശേഷം,അദ്ദേഹം മൊബൈൽ സ്പീക്കറിലിട്ട്‌ “നമ്മുടെ സ്വന്തം ആളാണെന്ന്” പറഞ്ഞ്‌ എഡിജിപി അജിത്ത്‌ കുമാറിനെ വിളിച്ചു.ഭവ്യതയോടെ കോൾ എടുത്ത എഡിജിപി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത്‌ ഇങ്ങനെയാണ്.

“അവന്മാരൊക്കെ കമ്മികളാണ് സാറേ..!!”

ഇതോടെ സ്പീക്കർ ഓഫ്‌ ചെയ്ത സുരേഷ്‌ ഗോപി വിഷയത്തിൽ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു.

ഇയാളുടേത്‌ ഒരേ സമയം രണ്ട്‌ വള്ളത്തിൽ കാൽ ചവിട്ടിയുള്ള നിൽപ്പാണെന്ന് ഇത്‌ കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണ്.

ഒരു പോലീസ്‌ ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ്‌ വരുന്നത്‌.
“അവന്മാരൊക്കെ കമ്മികളാണെന്ന”സ്റ്റേറ്റ്‌മന്റ്‌ എങ്ങോട്ടാണ് വിരൽ ചൂണ്ടുന്നത്‌ എന്നതാണിവിടെ പ്രശ്നം.

ഇത്തവണ തൃശ്ശൂരിലേത്‌ ബിജെപിയുടെ അഭിമാനപോരാട്ടമായിരുന്നു.ബിജെപി അവരുടെ “പോസ്റ്റർ ബോയിയായി” സുരേഷ്‌ ഗോപിയെ അവതരിപ്പിച്ച്‌,പ്രധാനമന്ത്രി ഉൾപ്പെടെ രണ്ട്‌ തവണ നേരിൽ വന്ന് പ്രചരണം നടത്തിയ മണ്ഡലം.എന്ത്‌ വില കൊടുത്തും തൃശ്ശൂർ പിടിക്കുക എന്നത്‌ ബിജെപിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു.
എന്നാൽ സഖാവ്‌ വി.എസ്‌.സുനിൽ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിച്ചു.
തൃശ്ശൂർ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ അവിടെ നിന്ന് സഖാവ്‌ വി.എസ്‌ സുനിൽ കുമർ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും എന്ന സാഹചര്യമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്‌.

ഇതൊക്കെ മാറ്റിമറിച്ചത്‌ “തൃശ്ശൂർ പോലീസിന്റെ പൂരം കലക്കൽ” തന്നെയാണ്.

“താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത്‌ അശോക്‌ സ്വന്തം താൽപര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തിൽ ഇടപെടുമെന്ന് നിങ്ങൾ ഇന്നും കരുതുന്നുണ്ടോ നിഷ്ക്കളങ്കരേ..!!”

സുരേഷ്‌ ഗോപിക്ക്‌ വഴി വെട്ടിയത്‌ ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച്‌ പറയുന്നില്ല..

RELATED ARTICLES
- Advertisment -

Most Popular

Recent Comments