Thursday, November 21, 2024

ഇന്ന് അതിശക്തമായ മഴ; 4 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യത, തൃശൂരിൽ യെല്ലോ അലർട്ട്, പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ച വയനാട്ടിൽ ഇന്ന് പ്രത്യേക ജാ​ഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ സ്ഥലങ്ങളിലും താമസിക്കുന്നവരും ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ഇത്തരം സ്ഥലങ്ങളിൽ ഉള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശം ഉണ്ട്. വടക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത. വടക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.

മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments