Wednesday, September 18, 2024

ഫിഷറീസ്- മറൈൻ എൻഫോഴ്സ്മെന്റ് മിന്നൽ പരിശോധന; ചെറുമത്സ്യങ്ങളെ പിടിച്ച വളളം പിടിച്ചെടുത്തു 

അഴീക്കോട്: അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ്- മറൈൻ എൻഫോഴ്സ്മെന്റ് മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. ബാദുഷ എന്ന പേരിലുള്ള മത്സ്യബന്ധന വള്ളമാണ് പിടിച്ചെടുത്തത്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. എടക്കഴിയൂർ, പഞ്ചവടി, ബ്ലാങ്ങാട് ബീച്ച്, മുനക്കക്കടവ്, ചേറ്റുവ എന്നിവിടങ്ങളിൽ ഇന്ന് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ചേറ്റുവയിൽ ചെറുമത്സ്യങ്ങളെ പിടിച്ച രണ്ടു വള്ളങ്ങൾ പിടികൂടിയിരുന്നു. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ് പോളിൻ്റെ നിർദ്ദേശത്തിൽ അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ്ങ്‌ എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. എഫ്.ഇ.ഒ രേഷ്മ, എഫ്.ഒ സഹ്ന ഡോൺ, മറൈൻ എൻഫോഴ്സ് ആന്റ് വിജിലൻസ് വിങ്ങ്  ഓഫീസർമാരായ ഇ ആർ ഷിനിൽകുമാർ, വി.എൻ പ്രശാന്ത് കുമാർ, വി.എം ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ഷെഫീക്ക്, പ്രമോദ്, നിഷാദ്  എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകുമാരി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments