Sunday, November 24, 2024

പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ചക്ക് ഇന്ന് തുടക്കം

പുന്നയൂർക്കുളം: പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ശൈഖ് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അവർകളുടെ 114-ാ മത് ആണ്ടുനേർച്ച ഇന്ന് മുതൽ സെപ്റ്റംബർ 1 വരെ ദിവസങ്ങളിൽ വിവിധ പരിപാടികളോടുകൂടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പുന്നയൂർക്കുളത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആണ്ടുനേർച്ചയുടെ ഭാഗമായി സമൂഹ സിയാറത്ത്, ഖത്മുൽ ഖുർആൻ, ഉദ്ഘാടന സമ്മേളനം, സനദ് ദാന സമ്മേളനം, അനുസ്മരണ സമ്മേളനം, സാംസ്കാരിക സമ്മേളനം, ദിക്ർ ഹൽഖ, സ്വലാത്ത് മജ്ലിസ് തുടങ്ങിയവയാണ് നാല് ദിവസങ്ങളിലായി നടത്തുന്നത്. മൂന്ന് വർഷത്തിനുശേഷം രണ്ട് ആഴ്ച്ച മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ മഹല്ല് സംരക്ഷണ സഖ്യം വിജയിച്ചിരുന്നു. പ്രസ്തുത ഭരണസമിതിയാണ് നേർച്ചയ്ക്ക് നേതൃത്വം നൽകുക. കൂടാതെ 101 അംഗ വിപുലമായ സ്വാഗത സംഘം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9:30 ന് പെരുമ്പടപ്പിലെ പരിസര പ്രദേശങ്ങളിലെ ആത്മീയ സിയാറത്ത് കേന്ദ്രങ്ങളിൽ സമൂഹ സിയാറത്തോടുകൂടി തുടക്കം കുറിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പി സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. കേരള വകുപ്പ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ ഷക്കീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അന്നേദിവസം വൈകിട്ട് 7 മണിക്ക് നടത്തുന്ന സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെഎംഎം അഷറഫിയ അറബി കോളേജിൽ നിന്ന് 40 ഓളം അഷറഫി വിരുദ്ധധാരികൾക്കും ഹിഫ്ളുൽ കോളേജിൽനിന്ന് പുറത്തിറങ്ങുന്ന ആറ് ഹാഫിളുകൾക്കുമാണ് സനദ് നൽകുന്നത്. സമസ്ത മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്കര സനദ് ദാന പ്രഭാഷണം നടത്തും. അൻവർ മുഹ്‌യദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. ആഗസ്റ്റ് 30ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്ന സാംസ്കാരിക സമ്മേളനം ഹജ്ജ്, വഖ്‌ഫ് ആൻഡ് കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. എംഎൽഎമാരായ പി നന്ദകുമാർ, എൻ കെ അക്ബർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ എംഎൽഎ രമേശ് ചെന്നിത്തല സാംസ്കാരിക പ്രഭാഷണം നിർവഹിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം പേരോട് മുഹമ്മദ് അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. ആഗസ്റ്റ് 31ന് വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ദിക്റ് ഹൽക്ക ആൻഡ് സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മാനു തങ്ങൾ, സയ്യിദ് വിപിഎ തങ്ങൾ ആട്ടീരി, പുത്തൻപള്ളി ഇമാം അബ്ദുൽ നാസർ ദാരിമി തുടങ്ങിയവർ നേതൃത്വം നൽകും. സെപ്റ്റംബർ 1 രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെ നേർച്ചയുടെ പ്രധാന ഭാഗമായ അന്നദാനം നടക്കും. ജനകീയ വിഭവ സമാഹരണത്തിലൂടെ ശേഖരിച്ച 600 ക്വിന്റൽ അരി ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം ഒരു ലക്ഷം  വിശ്വാസികൾക്ക് വിതരണം ചെയ്യും.  സെപ്റ്റംബർ ഒന്നിന് രാത്രി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകുന്ന കൂട്ട പ്രാർത്ഥനയോടെ ആണ്ട് നേർച്ചയ്ക്ക് സമാപനം കുറിക്കും.  രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖർ നാലു ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കും.  ഭാരവാഹികളായ മഹല്ല് പ്രസിഡണ്ട് എ കെ റഊഫ്, ട്രഷറർ അമീൻ പുളിയഞ്ഞാലിൽ, ജോയിൻ സെക്രട്ടറി സൈഫുദ്ദീൻ, ജോയിൻ കൺവീനർ കഫിൽ പുത്തൻ പള്ളി, സീനിയർ മെമ്പർ  റഹീം പെരുമ്പുംകാട്ടിൽ, സ്വാഗതസംഘം കൺവീനർ ഷാജഹാൻ ചിറ്റോത്തയിൽ  തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments