Thursday, September 19, 2024

മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണി കുന്നംകുളം പോലീസിൻ്റെ പിടിയിൽ

കുന്നംകുളം: കഴിഞ്ഞദിവസം കുന്നംകുളത്തു നിന്നും രണ്ട് കിലോ  ഹാഷിഷ് ഓയിലും 140 ഗ്രാം എംഡി എം എയും പിടികൂടിയ സംഭവത്തിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൊളവള്ളൂർ കേലോത്ത് വീട്ടിൽ രാഖിൽ രവീന്ദ്രൻ (28) ആണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ കോട്ടപ്പടി പൂക്കോട് സ്വദേശികളായ നിതീഷ്, അന്‍സിലിൻ എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 9ന് കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയിരുന്ന ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള വിതരണ ശൃംഖല നോക്കിയായിരുന്നു സ്പെഷ്യൽ സ്ക്വാഡിന്റെ പിന്നീടുള്ള അന്വേഷണം. ഇതിനെ തുടർന്നാണ് രാഖിൽ അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഹാഷിഷ് ഓയിൽ എംഡി എം എ ഉൾപ്പെടെയുള്ള അതിമാരക മയക്കുമരുന്നുകൾ കൈമാറിയിരുന്നത് ഇയാൾ വഴിയായിരുന്നു എന്ന വിവരം ലഹരി വിരുദ്ധ സ്ക്വാഡ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളെപ്പോലെ  നിരവധി പേർ  ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നത് ഇപ്പോഴും തുടരുന്നുണ്ട്. മുഖ്യ വിതരണ കണ്ണികളെ തേടി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രധാനി ഇപ്പോൾ പിടിയിലായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. കുന്നംകുളം കേന്ദ്രീകരിച്ച് ലഹരി മരുന്നുമായി നിരവധി പേരാണ് തുടർച്ചയായി അറസ്റ്റിലാകുന്നത്.. കുന്നംകുളം എസിപി, ടി ആർ സന്തോഷ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇതിനെതിരെ അന്വേഷണം തുടരുകയാണ്.. കുന്നംകുളം എസ് എച്ച് ഒ. യുകെ ഷാജഹാൻ, എസ് ഐ സുകുമാരൻ, പോലീസ് ഉദ്യോഗസ്ഥരായ ജോഷി, രവി, ശ്രീജേഷ് എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്..

RELATED ARTICLES
- Advertisment -

Most Popular

Recent Comments