പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ നിർമിക്കുന്ന വാതക ശ്മശാനത്തിന്റെ സ്ഥലം മാറ്റണമെന്ന് ഏരിമ്മൽ ഭഗവതീക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുന്നയൂർ ആലാപാലത്തുള്ള പഞ്ചായത്ത് ശ്മശാനമാണ് വാതക ശ്മശാനമായി മാറ്റുന്നത്. ഒക്ടോബറിൽ നിർമാണം തുടങ്ങാനാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. ഏരിമ്മൽ ക്ഷേത്രത്തിൽനിന്ന് 100 മീറ്റർ മാത്രമാണ് ശ്മശാനത്തിലേക്കുള്ള അകലം. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുക ക്ഷേത്രവിഗ്രഹങ്ങളുടെ ചൈതന്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഭാരവാഹികൾ ഉന്നയിക്കുന്നത്. ക്ഷേത്രംതന്ത്രിയുടെ അഭിപ്രായം കണക്കിലെടുത്താണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു. നിലവിലെ ശ്മശാനത്തിൽ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനു വിരോധമില്ല. വാതക ശ്മശാനം നിർമിക്കുന്നതിനെയാണ് എതിർക്കുന്നത്. ഇതുമായി മുന്നോട്ടുപോയാൽ നിയമപരമായി നേരിടും. നിലവിൽ പഞ്ചവടി ബീച്ചിൽ പഞ്ചായത്തിന് ശ്മശാനം ഉണ്ട്. ഇവിടെ ആധുനിക ശ്മശാനം നിർമിക്കുകയാണ് വേണ്ടതെന്നും ക്ഷേത്രസമിതി ചെയർമാൻ മനോജ് കുരഞ്ഞിയൂർ, സി.കെ. വിനോദ്, കെ.ആർ അനീഷ്, ശ്രീനിവാസൻ, കോമരം വേലായുധകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.