ചാവക്കാട്: ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ തളളി മാറ്റിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. രാജവാഴ്ചക്കാലത്തെ ചക്രവർത്തിയാണ് താനെന്ന ഭാവമാണ് സുരേഷ് ഗോപിയുടേതെന്ന് എൽ.ഡി.എഫ് തൃശൂർ ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ പറഞ്ഞു:മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ താൻ ജനാധിപത്യ വ്യവസ്ഥയിലെ ഒരു മന്ത്രിയാണ് എന്നദ്ദേഹം മറക്കുകയാണ്. പല്ലക്കിൽ എഴുന്നള്ളുന്ന രാജാധികാരത്തിന്റെ ഹൂങ്കാണ് സുരേഷ് ഗോപിയുടെ വഴിവിട്ട പെരുമാറ്റത്തിലൂടെ ജനങ്ങൾ കാണുന്നത്. തൃശൂർ രാമനിലയത്തിൽ തന്നെ കാത്തു നിന്ന മാധ്യമ പ്രവർത്തകരിൽ ഒരാളെയാണ് കേന്ദ്ര മന്ത്രി തള്ളി മാറ്റിയത്. സിനിമാ നടൻ മാത്രമല്ല താനിപ്പോഴെന്ന് സുരേഷ് ഗോപി മറക്കുന്നതായും ബി.ജെ.പി യുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഇതേ കുറിച്ച് പ്രതികരിക്കണമെന്നും കേന്ദ്ര സഹമന്ത്രി മാപ്പു പറയണമെന്നും കെ.വി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.