Saturday, November 23, 2024

‘കാൻസർ ബാധിച്ച് മരിച്ച പിതാവിനൊപ്പം പോകുന്നു’: നവവധുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു പൊലീസ്

ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎൻകെ ജംക്‌ഷൻ കൂട്ടുങ്കൽ വീട്ടിൽ ആസിയയാണു ഭർത്താവ് മുനീറിന്റെ വീടായ ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ ജീവനൊടുക്കിയത്. യുവതി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
‘‘കാൻസർ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു’’ എന്നാണു കത്തിൽ എഴുതിയിട്ടുള്ളത്. ഇതു പെൺകുട്ടി തന്നെയാണോ എഴുതിയതെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തിൽ കുടുംബപ്രശ്നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ഞായർ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുൻപാണു പ്രണയവിവാഹം. ഒരു വർഷത്തോളം മുൻപാണു സക്കീറിന്റെ മരണം.

പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. സംഭവദിവസം ആസിയ ഏറെ സന്തോഷവതിയായിരുന്നെന്ന് ഭർത്തൃവീട്ടുകാർ പറയുന്നു. ചെറിയ തലവേദനയുള്ളതായി പറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. ബീച്ചിലേക്കു പോകാൻ വീട്ടിലുള്ളവർ ആദ്യമിറങ്ങി. മുനീർ വാഹനത്തിൽ പെട്രോൾ നിറച്ചു തിരികെയെത്തിയപ്പോഴാണു വീട്ടിലെ കിടപ്പുമുറിയിൽ ആസിയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കായംകുളം ടൗൺ ഷഹീദാർ പള്ളിയിൽ കബറടക്കി. സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments