Thursday, September 19, 2024

ബി.ജെ.പി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

തിരുവനന്തപുരം: ബി.ജെ.പി.യുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേട് ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. ഇതുവരെയെടുത്ത എഫ്.ഐ.ആറുകളും മറ്റ് രേഖകളും അന്വേഷണ റിപ്പോർട്ടും സിറ്റി പോലീസ് കമ്മിഷണർ, ഡി.ജി.പി.ക്ക് കൈമാറും.
ഇതുവരെ 16 കേസുകളാണ് പോലീസ് എടുത്തത്. ഇതിൽ 15 എണ്ണം ഫോർട്ട് പോലീസ് സ്റ്റേഷനിലും ഒരെണ്ണം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്. കണ്ണമ്മൂല ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി മുൻ ഭരണസമിതിയിലെ 11 പേർക്കെതിരേയാണ്‌ എല്ലാ കേസും രജിസ്റ്റർ ചെയ്‌തത്‌. കണ്ണമ്മൂല ശാഖയിൽ ഇരുപതിലധികം പേരാണ് നിലവിൽ പരാതിയുമായി എത്തിയത്.

അഞ്ചുകോടിക്കു മുകളിലുള്ള ക്രമക്കേടുകൾ അന്വേഷിക്കേണ്ടത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം സംഘം ഭാരവാഹികളിൽനിന്നു ഈടാക്കേണ്ടതു സംബന്ധിച്ച 68 വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനും ഉടൻ ഉത്തരവിറങ്ങും. സഹകരണവകുപ്പിലെ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞ ദിവസം സംഘത്തിലേക്ക് 40 ലക്ഷത്തിലധികം രൂപ വന്നിരുന്നെന്നും ഇത് കൈമാറണമെന്ന് കാണിച്ച് അഡ്മിനിസ്‌ട്രേറ്ററെ സമീപിച്ചപ്പോൾ തുകയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നിക്ഷേപകർ ആരോപിച്ചു.

പണം നൽകണമെന്ന്‌ കാണിച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ അസിസ്റ്റന്റ് രജിസ്ട്രാറെ സമീപിക്കുമെന്ന് നിക്ഷേപകർ പറഞ്ഞു. ശാസ്തമംഗലം ശാഖയിൽ പണം നിക്ഷേപിച്ചവർ ഇന്ന് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments