Thursday, September 19, 2024

തീരദേശ ഹൈവേ; സ്ഥലമെടുപ്പ് നടപടികള്‍ ഉടൻ ആരംഭിക്കാൻ എൻ.കെ അക്ബർ എം.എല്‍.എ യുടെ നിർദേശം

ചാവക്കാട്: തീരദേശ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാൻ എൻ.കെ അക്ബർ എം.എല്‍.എ  ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ  മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു എം.എൽ.എ യുടെ നിർദ്ദേശം. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍,  ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. 38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് കോടതി കെട്ടിട നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതായും ജനുവരി മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും സ്പെഷല്‍ ബില്‍ഡിംഗ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. രാമുകാര്യാട്ട് സ്മാരക നിര്‍മ്മാണത്തിന്‍റെ ടെണ്ടര്‍ അംഗീകാര നടപടികള്‍ നടന്നുവരുന്നതായും സെപ്തംബര്‍ അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും  പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ സ്കൂള്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് സ്ക്കൂള്‍, പുന്നയൂര്‍ ജി.എല്‍.പി സ്ക്കൂള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി ആശുപത്രി താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഗുരുവായൂര്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പുതിയ കെട്ടിട നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും കെട്ടിടങ്ങളുടെയും കൃഷിഭൂമികളുടെയും വൃക്ഷങ്ങളുടെയും വില നിശ്ചയിക്കുന്ന പ്രവര്‍ത്തികള്‍ക്കായി കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍, ഡിഎഫ്.ഒ, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സ്പെഷല്‍ തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. 5 കോടി രൂപ ചെലവില്‍ നടത്തുന്ന ചേറ്റുവ കായലിലെ ഡ്രെഡ്ജിംഗ് പ്രവര്‍ത്തി ആരംഭിക്കുന്നതിന് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായും തീരദേശ റോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി. എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.  ചാവക്കാട് മുതല്‍ പഞ്ചാരമുക്ക് വരെയുള്ള റോഡിന്‍റെ ടാറിംഗ് പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് റോഡ് എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. 

ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ എസ് ഹരീഷ്, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ റംലത്ത്, കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന,  വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍മാരായ നീലിമ എച്ച്.ജെ, മിനി ടി.എസ്, അഡീഷണല്‍ ഇറിഗേഷന്‍ , മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍,  വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി,  തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments