ഗുരുവായൂർ: ആനത്താവളത്തിൽ വർഷങ്ങൾ നീണ്ട കെട്ടുതറി വാസത്തിൽനിന്നും ശ്രീഗുരുവായൂരപ്പൻ്റെ കോല മേറ്റാൻ കൊമ്പൻ ശങ്കരനാരായണനെ പ്രാപ്തനാക്കിയ ദേവസ്വം പാപ്പാൻമാർക്ക് ആദരം. ശങ്കരനാരായണനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ തിരുവമ്പാടി പടിഞ്ഞാറെ തെക്കൽ പി.എസ് രാജഗോപാലൻ്റെ കുടുംബമാണ് പാപ്പാൻമാരെ ആദരിച്ചത്. ഇന്നലെ രാത്രി വിളക്കിന് ശ്രീഗുരുവായൂരപ്പൻ്റെ കോലമേറ്റിയത് കൊമ്പൻ ശങ്കരനാരായണനായിരുന്നു. രാത്രി വിളക്കിനു ശേഷം ക്ഷേത്രംകിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ പടിഞ്ഞാറെ തെക്കൽ കുടുംബത്തിന് വേണ്ടി ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ശങ്കരനാരായണൻ്റെ പാപ്പാൻമാരായ കെ.എസ് സജി, കെ.വി സജീവ്, ഒ.പി ഷിബു എന്നിവരെ ആദരിച്ചു. ഓണക്കോടി സമ്മാനിച്ചു. ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി ഉദയൻ ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ് മായാദേവി, ഫീൽഡ് വർക്കർ ശിവരാമൻ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എഴുന്നള്ളത്തിന് സജ്ജനായ കൊമ്പൻ ശങ്കരനാരായണനായി ക്ഷേത്രങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വന്ന് തുടങ്ങി. സെപ്റ്റംബർ 7 ന് എറണാകുളത്ത് ആനയൂട്ടിൽ ക്ഷണം ലഭിച്ചിട്ടുണ്ട്.