ചാവക്കാട്: ചാവക്കാട് നഗരസഭ വെൻഡിങ് കമ്മിറ്റി എടുത്ത തീരുമാനം നഗരസഭാ ഉദ്യോഗസ്ഥർ നടപ്പിലാക്കുമ്പോൾ നഗരസഭ കൗൺസിലർ തന്നെ മുന്നിൽ നിന്ന് തടയുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്. വെൻഡിങ് കമ്മിറ്റി തീരുമാനം എല്ലാ വഴിയോരക്കച്ചവട തൊഴിലാളികളും അംഗീകരിച്ചതാണ്. മറ്റൊരാളെ കൂലിക്ക് വെച്ച് വഴിയോരക്കച്ചവടം നടത്തുന്ന പലിശക്കാരനായ തീരുമാനം അംഗീകരിക്കാത്ത കോൺഗ്രസ് നേതാവിന്
വേണ്ടിയാണ് കോൺഗ്രസ് കൗൺസിലർ തൊഴിലാളികളുടെ പേരിൽ മുറവിളി കൂട്ടുന്നത്. നഗരസഭയിൽ പ്രതിപക്ഷ നേതാവ് എന്ന ഒരു പദവി ഇല്ലെന്നിരിക്കെ പദവി സ്വയം ഏറ്റെടുത്ത രാജാവ് അറിയാതെ കാര്യങ്ങൾ നടക്കുന്നു എന്നതാണ് രാജാവിന്റെ ആക്ഷേപം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു അതോറിറ്റിയെടുത്ത തീരുമാനം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ വാഴപ്പിണ്ടി നട്ടെല്ലായുള്ള ഭരണാധികാരികൾ അല്ലെന്നും ഇവിടെ ഭരിക്കുന്നത് ഇടതുപക്ഷമാണെന്നും മുബാറക്ക് പറഞ്ഞു. നിലവിലെ നിയമപ്രകാരം 25 ചതുരശ്ര അടിയാണ് വഴിയോരക്കച്ചവടക്കാർക്ക് അനുവദിക്കാൻ നിർവാഹമുള്ളൂ. തൊഴിലാളികളുടെ സൗകര്യത്തിനു വേണ്ടി ചാവക്കാട് നഗരസഭ 36 ചതുരശ്ര അടിയായി വർദ്ധിപ്പിച്ചു കൊടുത്ത് തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുത്തു. ഇതിനെയാണ് പലിശക്കാരനായ കോൺഗ്രസുകാരന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇവർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്. ഇത് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും മുബാറക്ക് പറഞ്ഞു.