ഗുരുവായൂർ: ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ ഗുരുവായൂരപ്പ സന്നിധിയിലെത്തി രാത്രി വിളക്കിന് എഴുന്നെള്ളി. 16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ. തൃശൂർ പൂരം എഴുന്നള്ളിപ്പിന് പോയതാണ്. വിരണ്ട് ഓടിയതോടെ ശങ്കരനാരായണന് പിന്നെ കെട്ടുതറി വാസമായി. പാപ്പാൻമാരായ കെ.എസ് സജി, കെ.വി സജി, ഷിബു എന്നിവരുടെ പരിശ്രമത്തിലാണ് ശങ്കരനാരായണൻ വീണ്ടും സജീവമായത്.
പാപ്പാൻമാർക്ക് പിന്തുണയുമായി ദേവസ്വം ഭരണസമിതിയും അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ജീവധനം ഡി.എ കെ.എസ് മായാദേവി , ജീവനക്കാർ തുടങ്ങിയവർ കൂടെ ചേർന്നു. രാത്രി വിളക്കിന് ശങ്കരനാരായണൻ ശ്രീ ഗുരുവായൂരപ്പ ദാസനായി. ഇനി ശീവേലി എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പിലാണ് ശങ്കരനാരായണൻ.