Sunday, November 24, 2024

കാറിന്റെ എഞ്ചിനടിയിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്; സ്കൂൾ മാനേജറടക്കം രണ്ടുപേര്‍ പിടിയില്‍

പെരിന്തൽമണ്ണ: ബെംഗളൂരുവിൽ നിന്ന് കാറിന്റെ എൻജിന് അടിയിലെ അറയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എ.യുമായി എയ്ഡഡ് എൽ.പി.സ്കൂൾ മാനേജർ അടക്കം രണ്ടുപേർ അറസ്റ്റിൽ. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീൽ(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. സാജു കെ. ഏബ്രഹാം, മലപ്പുറം ഡിവൈ.എസ്.പി. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇരുവരും കാറിൽ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ വെച്ച് ഉദ്യോ​ഗസ്ഥർ കൈകാണിച്ചു. നിർത്താതെ മുന്നോട്ടെടുത്തതോടെ പോലീസ് വാഹനം കുറുകെയിട്ട് വാഹനം നിർത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെടുത്തത്.
ബെംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്മെന്റ് നടത്തുന്ന ദാവൂദ് ഷമീലിന്റെ കൂടെയാണ് ഷാനിദ് ജോലി ചെയ്തിരുന്നത്. ബെംഗളൂരുവിൽ ജോലിയുടെ ഭാഗമായി പോയിവരുന്നതിന്റെ മറവിലാണ് അമിതലാഭം ലക്ഷ്യമിട്ട് ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. അഡീഷണൽ എസ്.ഐ. സതീശൻ, പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് ടീമുകളും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments