Sunday, November 24, 2024

കാണാതായ 13 വയസുകാരി ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസിന്റെ വ്യാപക തിരച്ചില്‍. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി ഇപ്പോള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഇവര്‍ പകര്‍ത്തിയ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പോലീസ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കാണാതായി 18 മണിക്കൂറോളം പിന്നിട്ടുകഴിഞ്ഞു. കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല.
നേരത്തേ പോലീസ് അന്വേഷണത്തിനിടെ, തസ്മീന്‍ തിരുവനന്തപുരത്തുനിന്ന് അസമിലെ സില്‍ച്ചറിലേക്കു പോയ അരോണയ് എക്‌സ്പ്രസിലുണ്ടെന്ന് രാത്രിയോടെ അഭ്യൂഹമുയര്‍ന്നു. ഇതേത്തുടര്‍ന്ന് രാത്രി 12.15-ന് തീവണ്ടി പാലക്കാട്ടെത്തിയപ്പോള്‍ ആര്‍.പി.എഫും പോലീസ് ഉദ്യോഗസ്ഥരും തീവണ്ടി മുഴുവന്‍ പരിശോധിച്ചു. 12.30 വരെ ജനറല്‍ കംപാര്‍ട്ടുമെന്റുകളിലും എ.സി. കോച്ചുകളിലും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തീവണ്ടിയിലെ യാത്രക്കാരോട് ഫോട്ടോ കാണിച്ച് കുട്ടിയെ അന്വേഷിച്ചു. തുടര്‍ന്ന് പോലീസ് ഈ തീവണ്ടിയില്‍ കോയമ്പത്തൂര്‍വരെ യാത്ര നടത്താന്‍ തീരുമാനിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ പോലീസിനും ഇതു സംബന്ധിച്ച് വിവരം കൈമാറി. തൊട്ടുപിന്നാലെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തിരുവനന്തപുരം-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെ അര്‍ധ രാത്രി വൈകി തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞും പോലീസ് പരിശോധന തുടരുകയായിരുന്നു.
കഴക്കൂട്ടത്തുനിന്ന് കാണാതായ 13-കാരി തീവണ്ടിയില്‍ പാലക്കാട്ട് എത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസും സംസ്ഥാന പോലീസും ചേര്‍ന്ന് പരിശോധന നടത്തപ്പെടുന്നു
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കഴക്കൂട്ടം ജംഗ്ഷന്‍ വരെ കുട്ടി എത്തിച്ചേരുന്നത് വ്യക്തമായെങ്കിലും ഇവിടെനിന്ന് എവിടേക്ക് പോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.
ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല. വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments