Friday, September 20, 2024

ഏകസിവില്‍കോഡ്: സഖ്യകക്ഷികളുടെ നിലപാട് മോദിക്ക് നിര്‍ണായകം

ന്യൂഡല്‍ഹി: ഏകസിവില്‍കോഡിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തിലെ പരാമര്‍ശത്തോടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ മൂന്നാമത്തെ പ്രധാന അജന്‍ഡയാണ് ബി.ജെ.പി. പുറത്തെടുത്തത്. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം, ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവ ആദ്യ മോദിസര്‍ക്കാര്‍ നടപ്പാക്കി.

1985-ലെ ഷാബാനു കേസിലുണ്ടായ സുപ്രീംകോടതിവിധിക്കുശേഷം ബി.ജെ.പി. ഉയര്‍ത്തുന്ന ഏകസിവില്‍കോഡ് മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാനുള്ള രാഷ്ട്രീയനീക്കമാണ് മൂന്നാംമോദി സര്‍ക്കാര്‍ നടത്തുന്നത്. ഉത്തരാഖണ്ഡില്‍ ഒക്ടോബര്‍മുതല്‍ ഏകസിവില്‍കോഡ് നടപ്പാക്കാനൊരുങ്ങുന്നതിനിടയിലാണ് മോദിയുടെ പരാമര്‍ശം.

To advertise here, Contact Us
1999-ലെ വാജ്പേയി സര്‍ക്കാര്‍ സഖ്യകക്ഷികളുടെ സമ്മര്‍ദംമൂലം മാറ്റിവെച്ച ഈ വിഷയം 2024-ലെ സഖ്യകക്ഷി ഭരണകാലത്ത് നടപ്പാക്കുന്നതിനും കടമ്പകളേറെയാണ്. മുസ്ലിം വോട്ട്ബാങ്കുള്ള ടി.ഡി.പി., ജെ.ഡി.യു., എല്‍.ജെ.പി. എന്നീ ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാണ്. വഖഫ് നിയമഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള എതിര്‍പ്പ് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ട്.

സഖ്യകക്ഷികളുടെ നിലപാടാണ് പ്രധാനം. പ്രാദേശികരാഷ്ട്രീയം മുന്നില്‍കണ്ട് സമവായം ഉയര്‍ത്തിയാണ് പ്രധാന സഖ്യകക്ഷികള്‍ വിഷയത്തെ സമീപിക്കുന്നത്. മുസ്ലിംവോട്ടുകള്‍ നിര്‍ണായകമായ ആന്ധ്രയില്‍ കണ്ണടച്ച് തീരുമാനമെടുക്കല്‍ ചന്ദ്രബാബു നായിഡുവിന് എളുപ്പമല്ല. മുസ്ലിം വിഭാഗങ്ങളുടെ താത്പര്യം ഉറപ്പാക്കണമെന്ന് പാര്‍ട്ടി നിര്‍ബന്ധിക്കുമെന്ന് ടി.ഡി.പി. നേതാക്കള്‍ പറഞ്ഞു. ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെതിരല്ലെന്നും ചര്‍ച്ചകളിലൂടെ സമവായം ഉണ്ടാക്കണമെന്നും ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗിയും വ്യക്തമാക്കി. ബില്ലിന്റെ കരട് കണ്ടിട്ടുമാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് എല്‍.ജെ.പി.യും അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments