തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതൽ ദുരന്തപ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.
തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശനനിയന്ത്രണങ്ങളുള്ളതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.