Saturday, November 23, 2024

വീട് ഒഴുകിപ്പോയി, കുടുംബത്തിലെ എട്ടുപേര്‍ കാണാമറയത്ത്; ഉറ്റവർക്കായി ശ്രുതിയുടെ കാത്തിരിപ്പ്

ശിവണ്ണന്റെ കുടുംബം. നടുക്ക് നിൽക്കുന്നത് മരിച്ച ശ്രേയ, ഇരിക്കുന്നത് ശ്രുതി

മേപ്പാടി: കൂരിരുട്ടിന്റെ മറവിൽ കലി തുള്ളിയെത്തിയ ഉരുൾപൊട്ടൽ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോൾ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാർമല സ്കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒൻപതംഗ കുടുംബം മൂത്തമകൾ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക്, ഒഴുകിപ്പോയത്.

ചൂരൽമലയിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ശിവണ്ണനും ഭാര്യ സബിത, അച്ഛൻ ബോമലപ്പൻ, അമ്മ സാവിത്രി, ശിവണ്ണന്റെ ഭാര്യ, മക്കൾ എന്നിവരടക്കം ഒൻപതംഗ കുടുംബെത്തെയാണ് കാണാതായത്.

ഇവരിൽ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാർഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് ചൊവ്വാഴ്ച കണ്ടുകിട്ടിയത്. ഉരുൾപൊട്ടലിൽ ശിവന്റെ വീടും കുടുംബാംഗങ്ങളും ഒഴുകിപ്പോകുയായിരുന്നു.

കോഴിക്കോട് മിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ശ്രുതി സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ച മേപ്പാടി പി.എച്ച്.സി. യുടെ വരാന്തയിൽ നേരമിരുട്ടിയിട്ടും ഉറ്റവരെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

അടുത്ത ഡിസംബറിൽ ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഉറ്റവരെ വിധി തട്ടിയെടുത്തത്. സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാമെന്ന് കരുതിയാണ് മകൻ ശിവണ്ണന്റെ വീട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments