വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂർണമായും വ്യക്തമല്ല.
അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു എൻഡിആർഎഫ് ടീം കൂടി പ്രദേശത്തേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എന്ന് പ്രദേശവാസികൾ പറയുന്നു. പുത്തുമല ഉരുൾപൊട്ടൽ ഉണ്ടായതിന്റെ സമീപമാണ് മുണ്ടക്കൈ. കോഴിക്കാട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. വിലങ്ങാട് ടൗണിൽ വെള്ളം കയറി.
നിലവിൽ ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു ടീം എൻ.ഡി.ആർ.എഫ് കൂടി അധികമായി ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവൻ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും, പാലവും തകർന്നും, വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമാക്കുകയാണ്.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.