കടപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എം നടത്തുന്ന ദ്രവീകരണ രാഷ്ട്രീയത്തിന്റെ മുഖ്യ ആയുധമാണ് വെള്ളാപ്പള്ളി നടേശനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശൻ നിരന്തരമായി നടത്തുന്ന വർഗീയ പരാമർശങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.എം പയറ്റാൻ ഉദ്ദേശിക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ പരിശീലനമാണ് വെള്ളാപ്പള്ളിയുടെ വർഗീയ നാവിലൂടെ സി.പി.എം നടത്തുന്നത്. മുസ്ലിങ്ങൾ അവിഹിതമായി സമ്പാദിക്കുന്നുവെന്നും അവിഹിതമായി നേടിയെടുക്കുന്നുവെന്നുമുള്ളന വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരുത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ സർക്കാർ മുന്നോട്ടു വരുന്നില്ല എന്നത് ആ നാവ് സി.പി.എമ്മും മുഖ്യമന്ത്രിയും വാടകക്കെടുത്തിരിക്കുന്നു എന്നതിന് തെളിവാണ്. 1980ലെ ഇടതു സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പുരോഗതിയേയാണ് കത്തിവെക്കാൻ ഉദ്ദേശിച്ചതെങ്കിൽ മുസ്ലിം ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലുള്ള അസഹിഷ്ണുതയാണ് മലബാറിലെ പ്ലസ് ടു സീറ്റു കാര്യത്തിൽ പിണറായി സർക്കാർ എടുത്ത നിലപാട്. താൽക്കാലിക ബാച്ച് അനുവദിച്ചപ്പോഴും മലപ്പുറത്ത് സയൻസ് ബാച്ച് അനുവദിക്കാത്ത സർക്കാർ നിലപാട് ഒരു സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം വെല്ലുവിളികളെ നേരിടാനും പ്രതിരോധിക്കാനും ചെറുത്തു തോൽപ്പിക്കാനുമുള്ള കരുത്ത് മുസ്ലിം രാഷ്ട്രീയ സംഘടിത ശക്തിക്കുണ്ടെന്നും ഭാഷാ സമര പോരാളികളുടെ തീഷ്ണമായ ഓർമ്മകൾ ഇത്തരം പോരാട്ടങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്നും സി.എച്ച്.റഷീദ് കൂട്ടിച്ചേർത്തു.
മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി.എ.അഷ്ക്കർ അലി അധ്യക്ഷനായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയും വാഫി അലൂമിനി തൃശൂർ ജില്ലാ പ്രസിഡൻ്റുമായ ആസിഫ് വാഫിയുടെ പ്രാർത്ഥനയോടു കൂടിയാണ് ഭാഷാ സമര അനുസ്മരണ പരിപാടി ആരംഭിച്ചത്.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ അബൂബക്കർ, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് ടി.ആർ.ഇബ്രാഹിം, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറിമാരായ വി.എം മനാഫ്, ഏ.എച്ച് സൈനുൽ ആബിദ്, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ ആർ.കെ ഇസ്മായിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, കർഷകസംഘം ജില്ലാ പ്രസിഡൻ്റ് ആർ.എസ് മുഹമ്മദ്മോൻ, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് സി.വി സുബ്രഹ്മണ്യൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്വാലിഹ ഷൗക്കത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ആരിഫ് വട്ടേക്കാട്, ഷാജഹാൻ അഞ്ചങ്ങാടി, റംഷാദ് കാട്ടിൽ, അലി പുളിഞ്ചോട്, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അജ്മൽ ചാലിൽ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ഷറഫുദ്ദീൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശുഭാ ജയൻ, എ.വി.അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.