Thursday, September 19, 2024

യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ്: ഇംഗ്ലണ്ടിന് ‘പെയിൻ’; സ്പെയിൻ ഹാപ്പി

ബെര്‍ലിന്‍: യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്ത് സ്പെയിൻ. രണ്ടാം പകുതിയിലെ നിസോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും ഗോളുകളാണ് സ്‌പെയിനിനെ തുണച്ചത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മര്‍ ആശ്വാസ ഗോള്‍ നേടി. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍.


ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങി രണ്ട് മിനിറ്റിന് മുന്‍പേ സ്‌പെയിന്‍ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 47-ാം മിനിറ്റിലായിരുന്നു ഗോള്‍ (1-0).

ഇതോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസിന്റെ ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്‌റ്റോ നേടുന്ന ആദ്യ താരമാവാനും യമാലിന് കഴിഞ്ഞു. വില്യംസിന്റെ ഗോളോടെ ഒരു യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന ഫ്രാന്‍സിന്റെ റെക്കോഡിനൊപ്പമെത്താനായി സ്‌പെയിനിന്. 14 ഗോളുകളാണ് സ്‌പെയിന്‍ നേടിയത്. 1984-ല്‍ ഫ്രാന്‍സ് നേടിയ 14 ഗോള്‍ റെക്കോഡിനൊപ്പമാണിത്.

73-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മറുപടി ഗോളെത്തി. നിരന്തരമായ ഗോള്‍ശ്രമങ്ങള്‍ക്കൊടുവില്‍ കോള്‍ പാല്‍മറാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്. കൊച്ച് സൗത്ത് ഗേറ്റ് രണ്ട് മിനിറ്റ് മുന്‍പ് മാത്രം ഗ്രൗണ്ടിലിറക്കിയ പാള്‍മറില്‍നിന്ന് ഉദ്ദേശിച്ച ഫലം ലഭിച്ചു. സ്വന്തം പകുതിയില്‍നിന്ന് വലതുവിങ്ങിലൂടെ ഇംഗ്ലണ്ട് നടത്തിയ മുന്നേറ്റം ബോക്‌സിനകത്തെത്തി. അവിടെനിന്ന് ബുകായോ സബുകായോ സാക ബോക്‌സിനകത്ത് ജൂഡ് ബെല്ലിങ്ങാമിന് പാസ് നല്‍കി. ബെല്ലിങ്ങാമിനെ മൂന്ന് സ്‌പെയിന്‍ താരങ്ങള്‍ പ്രതിരോധിച്ചതോടെ പന്ത് പിറകില്‍ ഓടിവന്ന പാല്‍മറിന് ബാക്ക് പാസ് നല്‍കി. സ്‌പെയിന്‍ പ്രതിരോധത്തെ വകഞ്ഞുകീറി പാല്‍മര്‍ അത് ബോക്‌സിന്റെ ഇടതുമൂലയില്‍ എത്തിച്ചു. സ്‌പെയിന്‍ ഗോള്‍ക്കീപ്പര്‍ സിമോണ്‍ ചാടിനോക്കിയെങ്കിലും ശ്രമം വിഫലമായി (1-1). ഗ്രൗണ്ടിലെത്തി തന്റെ രണ്ടാം ടച്ചില്‍തന്നെ ഗോള്‍ നേടാന്‍ കഴിഞ്ഞത് പാല്‍മറിന് നേട്ടമായി.

പക്ഷേ, ഈ തുല്യതക്ക് അധികം ആയുസ്സുണ്ടായില്ല. 83-ാം മിനിറ്റില്‍ സ്‌പെയിന്‍ രണ്ടാമതും നിറയൊഴിച്ചു. ഒയാര്‍സബല്‍ വകയായിരുന്നു ഇത്തവണത്തെ ഗോള്‍. ഇടതുവിങ്ങില്‍നിന്ന് കുക്കുറെല്ല ബോക്‌സിനകത്തേക്ക് നല്‍കിയ പാസ് ഒയാര്‍സബല്‍ ഓടിയെത്തി ഗോളാക്കി. നീങ്ങിക്കൊണ്ടിരുന്ന പന്തില്‍ കാല്‍ സ്പര്‍ശിപ്പിക്കേണ്ട കടമയേ ഒയാര്‍സബാലിനുണ്ടായിരുന്നുള്ളൂ (2-1). കുക്കുറെല്ലയുടെ പാസും ഒയാര്‍സബലിന്റെ ഓട്ടവും തമ്മിലെ തെറ്റാത്ത ധാരണയാണ് ഗോളിന് വഴിയൊരുക്കിയത്.

വില്യംസും യമാലും ഇംഗ്ലണ്ട് പ്രതിരോധത്തെ പരീക്ഷിക്കുന്ന നിരവധി നീക്കങ്ങള്‍ നടത്തി. കുക്കുറെല്ലയും ലാപോര്‍ട്ടയും നോര്‍മാന്‍ഡും കാര്‍വാജലും ചേര്‍ന്ന മതില്‍ പൊളിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പ്രതിരോധത്തില്‍ സ്‌റ്റോണ്‍സ് മികച്ച രീതിയില്‍ നിലയുറപ്പിച്ചതിനാല്‍ ഇംഗ്ലണ്ട് കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു. അതേസമയം ഇംഗ്ലണ്ട് പലതവണ സ്‌പെയിന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോളിന്റെ ഭാഗ്യം അകന്നു നിന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments