തൃശൂർ: ആവേശം മോഡൽ പിറന്നാളാഘോഷം പൊളിച്ചതിനുള്ള വൈരാഗ്യത്തിൽ പൊലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട തീക്കാറ്റ് സാജനെ പിടികൂടാനാകാതെ പൊലീസ്. സാജന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. സംസ്ഥാനം വിട്ടുവെന്ന സംശയവുമുണ്ട്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (12-7-2024)
പിറന്നാൾ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരെ പൊലീസ് പൊക്കിയതോടെയാണ് തീക്കാറ്റ് സാജൻ ഭീഷണി ഉയർത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പടെ 32 പേരെയാണ് തൃശൂർ തെക്കെ ഗോപുരനടയ്ക്ക് സമീപം നിന്ന് പൊക്കിയത്. വിവരമറിഞ്ഞ് പൊലീസ് എത്തി മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.
ഗുണ്ടാസംഘത്തിന് പിറകിൽ ലഹരിസംഘങ്ങളും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ സംഘത്തിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ് എന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം, തീക്കാറ്റ് സാജൻ അറസ്റ്റിലായാൽ നഗരത്തിലെ ക്രിമിനൽ, ലഹരി സംഘങ്ങളെക്കുറിച്ച് കൂടുതൽ സൂചനകൾ കിട്ടുമെന്നാണ് പ്രതീക്ഷ.
മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ. അടുത്തിടെ ജയിൽമോചിതനായ ശേഷം ഇൻസ്റ്റഗ്രാം വഴിയാണ് അനുയായികളെ ഉണ്ടാക്കുന്നത്. എസ്.ജെ എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് തെക്കെഗോപുരനടയിൽ ജന്മദിനാഘോഷം പ്ലാൻ ചെയ്തത്. അണികളെ ഒരുക്കി നിറുത്തിയ ശേഷം ആവേശം മോഡൽ എൻട്രിയായിരുന്നു ലക്ഷ്യം.