തളിക്കുളം: ഹൈസ്കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. മാള ഗുരുതിപ്പാല സ്വദേശി വിശാലിനെയാണ് തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. 75 ഗ്രാം എം.ഡി.എം.എയും 3.5 കിലോഗ്രാം കഞ്ചാവും 3ഗ്രാം ഹാഷിഷ് ഓയിലും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നാളുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (11-7-2024)
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് വിൽപന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് പ്രതി എം.ഡി.എം.എയും കഞ്ചാവും കൊണ്ടുവന്നത്. ഇവ കൈമാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതി പോലിസിന്റെ പിടിയിലായത്. വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ 7 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മാള പോലിസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലേയും മയക്കുമരുന്ന് കേസുകളിലേയും പ്രതിയാണ് വിശാൽ. തൃശൂർ, എറണാകുളം ജില്ലകളിൽ മയക്കു മരുന്ന് മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ. ആർക്കൊക്കെയാണ് ഇയാൾ എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തുന്നതെന്നും ആരൊക്കെയാണ് ഇതിന്റെ ഉപഭോക്താക്കളെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ബിനു, എസ്.ഐമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, പി ജയകൃഷ്‌ണൻ, ടി.ആർ ഷൈൻ, ഡാൻസാഫ് അംഗങ്ങളായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, പി.എക്സ് സോണി, എം.വി മാനുവൽ,നിഷാന്ത്, കെ.ജെ ഷിൻ്റോ, വാടാനപ്പള്ളി പോലിസ് സ്റ്റേഷനി സീനിയർ സി.പി.ഒ മനോജ്, അലി, സി.പി.ഒ ജിഷ്ണു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.