തൃശൂർ: തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി പോലിസിൻ്റെ വ്യാപക തെരച്ചിൽ. സാജന്റെ പുത്തൂരിലെ വീട്, കൂട്ടാളികളുടെ വീടുകൾ എന്നിവിടങ്ങളിലും രഹസ്യ സംഘടനങ്ങളിലും പോലീസ് തിരച്ചിൽ നടത്തി. കോടതി ഉത്തരവ് വാങ്ങിയ ശേഷമാണ് പോലീസ് നീക്കം. ഇന്ന് രാവിലെയാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന സാജൻ്റെ ഭീഷണി സന്ദേശം എത്തിയത്. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോൺകോൾ.
ഇന്നലെ സാജനും കൂട്ടാളികളും തേക്കിൻകാട് മൈതാനത്ത് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്താൻ പദ്ധതിയിട്ടിരുന്നു. ‘ആവേശം’ സിനിമാ മോഡലിൽ പിറന്നാളാഘോഷം നടത്താനും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമായിരുന്നു തീക്കാറ്റ് സാജന്റെ കുട്ടിഫാൻസിന്റെ പദ്ധതി. എന്നാൽ, കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ആഘോഷം മുടങ്ങി. പിറന്നാൾ കേക്കുമായി കാത്തിരുന്ന സംഘത്തെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (08-7-2024)
32 പേരാണ് സാജന്റെ പിറന്നാൾ ആഘോഷിക്കാനായി തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയത്. ഇതിൽ 17 പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. കേക്കുമായി കാത്തിരിക്കുന്നവർക്കിടയിലേക്ക് ‘മാസ് എൻട്രി’യോടെ വരാനും തുടർന്ന് യുവാക്കൾക്കിടയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാനുമായിരുന്നു സാജന്റെയും കൂട്ടരുടെയും പദ്ധതി. എന്നാൽ, തേക്കിൻകാട് മൈതാനത്ത് യുവാക്കൾ ഒത്തുകൂടിയത് പോലീസ് മണത്തറിഞ്ഞു. പിന്നാലെ നാല് ജീപ്പുകളിലായി സിറ്റി പോലീസ് ഷാഡോ സംഘവും തൃശ്ശൂർ ഈസ്റ്റ് പോലീസും സ്ഥലത്തെത്തി കുട്ടി ഫാൻസിനെ വളഞ്ഞു. ഗുണ്ടയുടെ മാസ് എൻട്രിക്ക് തൊട്ടുമുൻപായിരുന്നു പോലീസിന്റെ അതിലും വലിയ എൻട്രി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഫാൻസുകാരെയെല്ലാം പോലീസ് പൊക്കി. ഇതിനിടെ പോലീസ് പരിപാടി പൊളിച്ചതറിഞ്ഞ് ഗുണ്ട തീക്കാറ്റ് സാജൻ ആഘോഷത്തിന് എത്താതെ മുങ്ങുകയുംചെയ്തു. ഇതോടെയാണ് തൻ്റെ പിള്ളേരെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന സാജൻ ഫോണിൽ ഭീഷണി മുഴക്കിയത്.