Friday, September 20, 2024

ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് തെക്കേഗോപുര നടയിൽ ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

തൃശൂർ: ‘ആവേശം’ സിനിമാ മോഡലിൽ തേക്കിൻകാട് മൈതാനത്തു ഗുണ്ടാനേതാവിന്റെ ‘പിറന്നാൾ പാർട്ടി’ ആഘോഷിക്കാൻ ഒത്തുകൂടിയ 32 പേർ പൊലീസ് പിടിയിൽ. നേതാവിന്റെ അനുചരസംഘം, ആരാധകർ എന്നിവരുൾപ്പെടെയാണു പിടിയിലായത്. ഇവരിൽ 16 പേർ പ്ര‍ായപൂർത്തിയാകാത്തവരാണെന്നു കണ്ടെത്തിയതു പൊലീസിനു ഞെട്ടലായി. ഇവരെ താക്കീതു ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.  ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുൻപേ നീക്കം പൊലീസ് പൊളിച്ചതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം.

ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചതിന്റെ റീലുകളും മുൻപു പ്രചരിച്ചിരുന്നു.  പൊലീസിന്റെ മൂക്കിനു താഴെ പാർട്ടി നടത്തിയാൽ ലഭിക്കാവുന്ന വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു പാർട്ടിയുടെ ഒരുക്കങ്ങൾ. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ അനുചരന്മാർ സന്ദേശം നൽകി. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല. അനുചരന്മാരും ആരാധകരുമെത്തിയ ശേഷം സിനിമാ സ്റ്റൈലിൽ വന്നിറങ്ങ‍ാൻ തീരുമാനിച്ചിരുന്ന നേതാവ് കൂട്ടത്തിലുള്ളവർ  പിടിക്കപ്പെട്ടതോടെ മുങ്ങി. 
കസ്റ്റഡിയിലായ പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കളെ ഈസ്റ്റ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയതും നാടകീയ സംഭവങ്ങൾക്കിടയാക്കി. കുട്ടികൾ ഗുണ്ടാസംഘത്തിൽ ചേരാൻ നടക്കുന്നുവെന്ന വിവരം പരിഭ്രാന്തരായാണു രക്ഷിതാക്കൾ കേട്ടത്. ചിലർ പൊട്ടിക്കരഞ്ഞു. മറ്റുചിലർ സ്റ്റേഷനിൽ കുട്ടികളെ അടിക്കാൻ വരെ ഒരുങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments