കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെ പുറകിലടിച്ച് അതിവേഗം ബൈക്കോടിച്ചു പോകുന്ന അജ്ഞാത ആക്രമിയെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ മർദിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ പതിവ്. ആളെ ഇതുവരെ പിടികൂടാനായിട്ടില്ല. കരിവെള്ളൂരും പുത്തൂരും പെരളത്തുമെല്ലാം പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്ക് പല തവണ ദുരനുഭവം ഉണ്ടായി. സ്ത്രീകളാണ് ഉന്നം. ആക്രമിച്ച ശേഷം അതിവേഗം കടന്നുകളയും. നാല് പേർക്ക് നേരെ ഇതിനോടകം അതിക്രമമുണ്ടായി. പൊലീസിൽ പരാതി നൽകിയെങ്കിലും ആളെ കിട്ടിയിട്ടില്ല. ബൈക്കിന്റെ ചിത്രം പതിഞ്ഞെങ്കിലും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. അജ്ഞാതനെ പേടിച്ച് രാവിലത്തെ നടത്തം പലരും നിർത്തി. ചില സ്ഥലങ്ങളിൽ സ്ത്രീകളെല്ലാം കൂടി ഇപ്പോൾ ഒരുമിച്ചാണ് നടക്കാനിറങ്ങുന്നത്. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ ആളുകളുണ്ടെന്ന് പ്രദേശത്തെ സ്ത്രീകൾ പറയുന്നു. ഒരടി അടിച്ച് അതിവേഗം ബൈക്കുമായി പോവുകയാണ് ചെയ്യുന്നത്. ഇനി തിരിച്ചടിക്കുമെന്നാണ് സ്ത്രീകൾ കൂട്ടത്തോടെ പറയുന്നത്. പേടിച്ചിരിക്കാൻ ഇല്ലെന്നും പ്രതികരിക്കുമെന്നും അവര്‍ ഒരേ സ്വരത്തിൽ പറയുന്നു.