തൃപ്രയാർ: തീരദേശ മേഖലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), പാലപ്പെട്ടി എടശ്ശേരി വീട്ടിൽ ശ്രീഹർശൻ (20) എന്നിവരാണ് വാടാനപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് രണ്ട് കിലോയിൽ അധികം കഞ്ചാവും അഞ്ചു മില്ലിഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാട്ടികയിലെ സ്വകാര്യ സ്വാശ്രയ കോളേജിലെ ബികോം വിദ്യാർത്ഥി കൂടിയായ എഡ്വിൻ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുവാൻ സുഹൃത്തായ ഹർഷന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. ഒറീസയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വന്നിരുന്നത്. മാസങ്ങളായി ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നതായി പറയുന്നു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ സുധീരൻ, കെ.ആർ ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർ എം.എസ് നിഖിൽ, ഡ്രൈവർ വി രാജേഷ് എന്നിവരുമുണ്ടായിരുന്നു.