Sunday, November 10, 2024

ക്ഷേത്രത്തിൽ തീപിടിച്ചു; അണയ്ക്കാൻ ഓടിയെത്തി മുസ്‍ലിം യുവാക്കൾ, മലപ്പുറത്തു നിന്നൊരു ‘റിയൽ കേരള സ്റ്റോറി’

മലപ്പുറം: തിരൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് തീപിടിച്ചപ്പോള്‍ തീയണക്കാൻ ഓടിയെത്തി മൂന്ന് മുസ്‍ലിം യുവാക്കൾ. പൂജാരിയാണ് തീയണക്കാൻ ഇവരുടെ സഹായം തേടിയത്. യുവാക്കൾ വെള്ളിയാഴ്ച രാത്രി പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരക്ക് തീപിടിച്ചത് കണ്ടത്. 

ക്ഷേത്രത്തിൽ തീപിടിക്കുന്നത് കണ്ട് ഓടി വരികയായിരുന്നു മുഹമ്മദ് നൗഫലും മുഹമ്മദ് ബാസിലും റസലും. ഉടനെ സഹായിക്കണമെന്ന് തോന്നി. അമ്പലത്തിലേക്ക് കയറാൻ പറ്റുമോ, പ്രശ്നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. 

“കുറേപ്പേർ ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. ഈ യുവാക്കളാണ് ഞങ്ങളെന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച് മുന്നോട്ടു വന്നത്. പൈപ്പിടണോ ബക്കറ്റ് വേണോ എന്നൊക്കെ ചോദിച്ചു. ഇവർക്ക് മുകളിൽ കയറാൻ കഴിയും. അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇവരുടെ സഹായം കിട്ടയതു കൊണ്ട് തീ പടരുന്നത് തടയാൻ കഴിഞ്ഞു”- പൂജാരി പറഞ്ഞു. 

“എല്ലാവരും മനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാൽ മതി മനസ്സിൽ. സഹായിക്കുന്നതിൽ എന്ത് ജാതിയും മതവും”- എന്നാണ് യുവാക്കളുടെ പ്രതികരണം. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments