Friday, September 20, 2024

തൃശൂരിലെ കോൺഗ്രസിനുള്ളിൽ പോര് അവസാനിക്കുന്നില്ല; ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

തൃശൂർ: തൃശൂർ ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. തന്നെ ഡി.സി.സി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ പരാതി നൽകിയിരുന്നു. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേ​രെ ആക്രമമുണ്ടായത്. രാത്രിയിൽ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനൽ ചില്ലകളും ചെടിച്ചട്ടികളും തകർത്തു. സംഭവസമയത്ത് സജീവന്റെ അമ്മയും മരുമകളും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചക്കും രണ്ട് പേർ വന്നിരുന്നതായി സജീവന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂരിലെ കോൺഗ്രസിൽ ആഭ്യന്തരപ്രശ്നങ്ങൾ ഉട​​ലെടുത്തിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് തോൽവിയെച്ചൊല്ലിയുള്ള വാക്കുതർക്കങ്ങളാണ് ഡിസിസി ഓഫീസിലെ കയ്യാങ്കളിയിൽ കലാശിച്ചത്. തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ച് സജീവൻ കുരിയച്ചിറ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഓഫീസിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ താൻ ഒട്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്നായിരുന്നു സജീവന്റെ ആരോപണം.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നവരും തമ്മിൽ കയ്യാങ്കളിയായി. പിന്നാലെ സജീവൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിലാണിപ്പോൾ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിന് പിന്നാലെ ഓഫീസ് സന്ദർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിഎ മാധവൻ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments