കുന്നംകുളം: പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. വടക്കേക്കാട് വൈലത്തൂർ ഞമനേങ്ങാട് മനയിൽ വീട്ടിൽ പ്രസാദി(37)നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഒരു ലക്ഷം തുക ഇരയ്ക്ക് നൽകുന്നതിനും കോടതി ഉത്തരാവായി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും കൂടാതെ പോക്സോ നിയമ പ്രകാരം 10 വർഷം തടവും 50,000 രൂപയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വർഷം തടവും 50,000 രൂപയും പിഴ സംഖ്യയിൽ നിന്ന് ഒരു ലക്ഷം, തുക അതിജീവിതയ്ക്ക് നൽകുവാനുമാണ് പൂർണ വിധി. 2013ൽ അതിജീവിത എട്ടാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് പീഡനം നടന്നത്. അതിജീവിത സ്കൂൾ വിട്ടു വരുമ്പോൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ വീട്ടിൽ വച്ചും പിന്നീട് അതിജീവിതയുടെ മാതാവ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കഴിയവെ ആശുപത്രിയിൽ വെച്ചും ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസ് കോടതിയിൽ വിചാരണയിൽ വന്ന സമയം കൂടുതൽ അന്വേഷണം നടത്തി കൂടുതൽ തെളിവുകളും ശേഖരിച്ചതിനുശേഷം 2023ലാണ് വിചാരണ നടത്തിയത്. ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.ജി സുരേഷാണ്
കേസിൽ ആദ്യാന്വേഷണവും കൂടുതൽ അന്വേഷണവും നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ്, അഡ്വ. രഞ്ജിക കെ ചന്ദ്രൻ, അഡ്വ. കെ. എൻ അശ്വതി എന്നിവർ ഹാജരായി. പ്രോസിക്യൂഷന് സഹായികളായി സിപിഒ മാരായ സുജിത്ത്, രതീഷ്, ജി.എ.എസ്.ഐ എം ഗീത എന്നിവർ പ്രവർത്തിച്ചു.