മലപ്പുറം: ബസുകളിൽ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവർത്തിപ്പിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യ ബസുകളെ സംബന്ധിക്കുന്ന വിവരം നൽകുന്നവരുടെ പേരും വിലാസവും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒരുകാരണവശാലും പരസ്യമാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
ഇത്തരം ബസുകളുടെ ഉടമസ്ഥർക്കും ജീവനക്കാർക്കുമെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള സ്വകാര്യ ബസുകളിലും ചില കെ.എസ്.ആർ.ടി.സി. ബസുകളിലും അധിക ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനെതിരേ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇതിനെതിരേ പരാതി നൽകിയാൽ നടപടിയെടുക്കാതെ, വിവരം നൽകുന്നവരുടെ പേരും വിലാസവും മോട്ടോർവാഹന വകുപ്പ് ജീവനക്കാർ ബസുകാർക്ക് ചോർത്തി നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. ബസ് ജീവനക്കാർ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ട്.
ബസുകളിലെ വീഡിയോ, ഓഡിയോ സിസ്റ്റം പരിശോധിക്കാൻ എല്ലാ ഫീൽഡ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ആർ.ടി.ഒ. കമ്മിഷനെ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പെരിന്തൽമണ്ണ പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് സൈനുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.