ചാവക്കാട്: പുന്ന നൗഷാദ് വധകേസിൽ ഒരാൾകൂടി പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസിലെ പതിനാറാം പ്രതി എസ്.ഡി.പി.ഐ പ്രവർത്തകൻ പുന്ന തൂവക്കാട്ടിൽ വീട്ടിൽ നെഷീബിനെയാണ് (35) പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി മണികണ്ഠനും സംഘവും അറസ്റ്റുചെയ്തത്.
2019-ൽ നടന്ന സംഭവത്തിൽ 15 എസ്.ഡി.പി.ഐ. പ്രവർത്തകർ ഇതുവരെ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. നെഷീബിനെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. സംഭവത്തിനുശേഷം എറണാകുളത്ത് ബന്ധുക്കളുടെ വീട്ടിൽ കഴിയുകയായിരുന്ന നെഷീബ് അടുത്തിടെ നാട്ടിലെത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. 2019-ൽ നെഷീബ് പുന്നയിൽവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഡി.വൈ.എസ്.പി.യെക്കൂടാതെ എസ്.ഐ. സുധീഷ്‌കുമാർ, ഗ്രേഡ് എസ്.ഐ. ഗംഗാധരൻ, ഗ്രേഡ് എസ്.ഐ. ഭാസ്കരൻ, പ്രദീപ്, തൃശ്ശൂർ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എസ്.ഐ. ലിന്റോ ദേവസ്സി, സുബീർ എന്നിവരടങ്ങിയ സംഘമാണ് നെഷീബിനെ അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം പാലക്കാട് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തിരുന്ന മുഹമ്മദ് ഷാഫി, ഷെരീഫ്, നസ്റത്തുള്ള തങ്ങൾ എന്നിവരെയും നെഷീബിനെയും തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിൽ അപേക്ഷ നൽകും.