Friday, September 20, 2024

48 മണിക്കൂറിനകം കുടിവെള്ള കണക്ഷന്‍ പുന:സ്ഥാപിക്കണം; ഇല്ലെങ്കിൽ സമരമെന്ന്  എന്‍.കെ അക്ബർ എം.എൽ.എ യുടെ മുന്നറിയിപ്പ് 

ചാവക്കാട്: 48 മണിക്കൂറിനകം ദേശീയ പാതയിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ള കണക്ഷന്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിൻ്റെ മുന്നറിയിപ്പ്. എക്സി.എഞ്ചിനീയറുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട്  പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നയോഗത്തിലാണ്  എക്സി.എഞ്ചിനീയര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എംഎൽഎ രംഗത്തെത്തിയത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2  ,3 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ദേശീയപാതയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകര്‍ന്നിരുന്നതാണ്. 15 ദിവസത്തിനകം കണക്ഷന്‍ പുനസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും അറ്റകുറ്റപണി നടന്നില്ല. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ 30 നകം പണി പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മെയ് എട്ട് ആയിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചില്ല. ഇതോടെയാണ് 48 മണിക്കൂറിനകം കണക്ഷന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ദേശീയ പാതയിലെ  നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയറെ അറിയിച്ചത്. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയില്‍ നിന്നും  3 ദിവസം കുടിവെള്ളം വിതരണം മുടങ്ങുമെന്ന് തൃശൂര്‍ എക്സി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ സ്ഥലത്തേക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള വാട്ടര്‍ മാനേജമെന്‍റ സംവിധാനം കാര്യക്ഷമമാക്കണമെന്നും യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി പ്രകാരമുള്ള 13 എം.എല്‍.റ്റി ജലവും വിതരണം ചെയ്യുന്നതിലേക്ക് പുതിയ പമ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി തൃശൂര്‍ എക്സി.എഞ്ചിനീയര്‍, നാട്ടിക എക്സി.എഞ്ചിനീയര്‍ , അസി.എക്സി.എഞ്ചിനീയര്‍മാര്‍, അസി.എഞ്ചിനീയര്‍മാര്‍, നാഷണല്‍ ഹൈവേ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments