പാവറട്ടി: വീട്ടിൽക്കയറി മൊബൈൽഫോണുകളും വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചയാളെ പാവറട്ടി പോലീസ് അറസ്റ്റുചെയ്തു. ഇരിങ്ങപ്പുറം നടത്തറ തെക്കിനേടത്ത് നകുൽകുമാറി (27)നെയാണ് പാവറട്ടി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. വിലപ്പെട്ട രേഖകളും രണ്ട് മൊബൈൽഫോണുകളും എ.ടി.എം. കാർഡുകളും അടങ്ങിയ ബാഗ് വീടിന്റെ മുൻവശത്തുവച്ച് അകത്തുകയറിയ സമയത്തായിരുന്നു മോഷണം. അകത്തുകയറി 10 മിനിറ്റിനുള്ളിൽ പുറത്തിറങ്ങിനോക്കിയപ്പോൾ ബാഗ് കാണാനില്ലായിരുന്നു. പൂമംഗലം നമ്പിള്ളി വീട്ടിൽ അനൂപിന്റെ ഭാര്യ സ്വേതയുടെ ബാഗാണ് മോഷണം പോയത്. അമ്മയെ ഡോക്ടറെ കാണിക്കാൻ തൃശ്ശൂരിലേക്ക് പോകുംവഴി താമരപ്പിള്ളിയിൽ വെച്ച് ബന്ധുവിന്റെ വീട്ടിൽ കയറിയപ്പോഴാണ് ബാഗ് മോഷണം പോയത്. മോഷ്ടിച്ച എ.ടി.എം. കാർഡ് ഉപയോഗിച്ച് അരിയന്നൂരുള്ള കനറാബാങ്കിന്റെ എ.ടി.എമ്മിൽക്കയറി പണം പിൻവലിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പംതന്നെ പോലീസ് കളവുപോയ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഇതിനിടെ കുന്നംകുളത്ത് ഹോട്ടലിൽ ജോലിക്കുപോയ മോഷ്ടാവിനെ കഴിഞ്ഞദിവസമാണ് എസ്.ഐ. എസ്. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ. സുധീഷ്, സി.പി.ഒ. ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായി.