സുൽത്താൻ ബത്തേരി (വയനാട്): ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു രാത്രി ഏഴുമണിയോടെ ഭക്ഷ്യ കിറ്റുകൾ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് അറിയിച്ചു.
കിറ്റുകൾ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. കിറ്റുകൾക്കു പിന്നിൽ ബി.ജെ.പിയാണ് എന്ന് ആരോപിച്ച് യു.ഡി.എഫും എൽ.ഡി.എഫും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി കോളനികളിൽ വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇതെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിച്ചു വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. അതേസമയം, ബി.ജെ.പി സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ് കവിത ആരോപണം നിഷേധിച്ചു.
ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു സുൽത്താൻ ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണു കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്.
അതിനിടെ, മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ഒരു സൂപ്പർമാർക്കറ്റിൽ നൂറുകണക്കിനു കിറ്റുകൾ തയാറാക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടെന്നാണ് വിവരം.