Friday, September 20, 2024

വിഷുക്കണി ദർശനം; ഗുരുവായൂരിൽ ഒരുക്കങ്ങൾ തകൃതി, നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് വിഷുക്കണി സമയം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. ഇന്ന് രാത്രി അത്താഴപ്പൂജയ്ക്കുശേഷം കീഴ്ശാന്തിമാർ ചേർന്ന് മുഖമണ്ഡപത്തിൽ കണിയൊരുക്കും. വിഷുദിവസം പുലർച്ചെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത്‌ കയറി ഗുരുവായൂരപ്പനെ ആദ്യം കണി കാണിക്കും. അതിനുശേഷം ശ്രീലകവാതിൽ തുറന്നിടുന്നതോടെ ഭക്തർക്കും കണി കാണാം. നമസ്‌കാരമണ്ഡപത്തിലും കണിയൊരുക്കുന്നുണ്ട്. ഒരുമണിക്കൂർ കണിദർശനം കഴിഞ്ഞാൽ ക്ഷേത്രത്തിൽ പതിവുപോലുള്ള നിത്യനിദാന ചടങ്ങുകളും ഉച്ചപ്പൂജയ്ക്കു ഗുരുവായൂരപ്പന് നമസ്‌കാരസദ്യയുമുണ്ടാകും. ക്ഷേത്രത്തിൽ അന്ന് വിഷുവിളക്കാഘോഷവും പ്രധാനമാണ്. ലണ്ടനിലെ വ്യവസായിയായിരുന്ന അന്തരിച്ച തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വകയാണ് വിഷുവിളക്ക്. മൂന്നുനേരവും കാഴ്‌ചശ്ശീവേലിക്ക്‌ പെരുവനം കുട്ടൻ മാരാരുടെ മേളമാണ്. സന്ധ്യയ്ക്ക് ഗുരുവായൂർ മുരളിയുടെ നാഗസ്വരക്കച്ചേരി. തുടർന്ന് താമരയൂർ അനീഷ് നമ്പീശനും മകൻ അനിരുദ്ധ് നമ്പീശനും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിൽ ഇടയ്‌ക്കവാദ്യപ്രദക്ഷിണമുണ്ട്. ഗുരുവായൂർ കൃഷ്ണകുമാർ, തിരുവില്വാമല ജയൻ, പെരുവനം വിനു എന്നിവർ ഇടയ്‌ക്കവാദ്യം നയിക്കും. അന്നലക്ഷ്മി ഹാളിൽ വിശേഷാൽ വിഷുസദ്യയുമുണ്ട്. നാളെ വെളുപ്പിനു ഗുരുവായൂരപ്പന്റെ വിഷുക്കണി കാണാൻ ഇന്ന് രാത്രിതന്നെ ഭക്തർ വരിയിൽ സ്ഥാനംപിടിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments