Wednesday, November 20, 2024

പത്തനംതിട്ടയില്‍ ആന്റോ ജയിക്കും; മക്കളെക്കുറിച്ച് പറയിപ്പിക്കണ്ട – എ.കെ ആന്റണി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നല്ല ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജയിക്കുമെന്നും കെ.എസ്.യു കാലഘട്ടം മുതല്‍ തനിക്ക് കുടുംബവും രാഷ്ട്രീയവും രണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. മകനും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണിയെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് എ.കെ ആന്റണിയുടെ പ്രതികരണം. മക്കളെ കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട, ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല. ആ ഭാഷ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പൊതുരംഗത്ത് വന്ന കാലം മുതല്‍, കെ.എസ്.യുവില്‍ ചേര്‍ന്ന കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ. കുട്ടിക്കാലം മുതലുള്ള നിലപാട് അങ്ങനെയാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ. ഞാന്‍ പ്രചാരണത്തിന് പോകാതെ തന്നെ ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും സംശയം വേണ്ട. കേരളത്തിലെ ബി.ജെ.പിയുടെ സുവര്‍ണകാലം കഴിഞ്ഞു. അവരുടെ സുവര്‍ണകാലം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ശബരിമല യുവതിപ്രവേശനവിഷയം കത്തിനിന്ന കാലത്തില്‍ ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019-ല്‍ കിട്ടിയ വോട്ട് കേരളത്തില്‍ ബി.ജെ.പിക്ക് ഒരിടത്തും കിട്ടില്ല. – ആന്റണി പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വം. വൈവിധ്യങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഏകത്വമല്ല. എല്ലാ വൈവിധ്യങ്ങളേയും സംരക്ഷിക്കുമെന്നാണ് ഭരണഘടനയുടെ ഒന്നാമത്തെ ആര്‍ട്ടിക്കിള്‍.ഇന്ത്യയെന്ന ആശയം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലം നരേന്ദ്രമാദി നയിച്ച ബി.ജെ.പി സര്‍ക്കാര്‍ ആസൂത്രിതമായി ആ ആശയത്തെ ഞെക്കിഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ ബി.ജെപിയുടെ ഭരണം അവസാനിപ്പിക്കണം. നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. ആര്‍.എസ്.എസ്സിന്റെ പിന്‍സീറ്റ് നയം ഇല്ലാതാക്കണം. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. നരേന്ദ്രമോദി വീണ്ടും വന്നാല്‍ അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയിലെ അടിസ്ഥാനമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടും. ഭരണഘടന അട്ടിമറിക്കപ്പെടും. അത് ജനാധിപത്യത്തിന്റെ അന്ത്യത്തിന് തുടക്കമായിരിക്കും. ആ ആപത്ത് ഒഴിവാക്കണം. ആന്റണി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments