തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ എന്നിവരാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിനായി തൃശ്ശൂര്‍ മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്‍, സി-വിജില്‍ കണ്ട്രോള്‍ റൂം, 1950 ഹോട്ട്ലൈന്‍ കണ്ട്രോള്‍ റൂം എന്നിവയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ തിരഞ്ഞെടുപ്പ് സ്‌ട്രോങ്ങ് റൂമും തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രവും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും തിരഞ്ഞെടുപ്പ് നിരീക്ഷകരോടൊപ്പമുണ്ടായിരുന്നു.