ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടക്കും. പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയും. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി പള്ളിശ്ശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി സ്ഥാനമേൽക്കും. അത്താഴപ്പൂജയ്ക്കുശേഷമാണ് ചടങ്ങ്.
സ്ഥാനചിഹ്നമായ ശ്രീലക താക്കോൽക്കൂട്ടം നമസ്‌കാരമണ്ഡപത്തിൽ വെള്ളിക്കുംഭത്തിൽ സമർപ്പിച്ച് ശ്രീനാഥ് നമ്പൂതിരി സ്ഥാനമൊഴിയും. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് താക്കോൽക്കൂട്ടം പുതിയ മേൽശാന്തി മധുസൂദനൻ നമ്പൂതിരിക്ക് നൽകും. അദ്ദേഹം ശ്രീലകത്തു കയറി സ്ഥാനചിഹ്നം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് ചുമതലയേൽക്കും. സെപ്റ്റംബർ 30 വരെ പുറപ്പെടാശാന്തിയായി വ്രതശുദ്ധിയിൽ മധുസൂദനൻ നമ്പൂതിരി ക്ഷേത്രത്തിലുണ്ടാകും. ഇന്ന് രാത്രി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉണ്ടാകില്ല.
ശ്രീനാഥ് നമ്പൂതിരി ക്ഷേത്രത്തിൽ ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയുടെ മുറജപം വഴിപാടായി നടത്തി. കൽപ്പുഴ വാസുദേവൻ നമ്പൂതിരിപ്പാട്, എ.ടി. നാരായണൻ നമ്പൂതിരി, തോട്ടം ശിവകരൻ നമ്പൂതിരി എന്നീ ആചാര്യന്മാരാണ് മുറജപം നടത്തിയത്.