Friday, September 20, 2024

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത്  നിയമവിരുദ്ധമെന്ന് കോടതി

കൊച്ചി: ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത്  2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെയാണ് ഉത്തരവ്. ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്ന് നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹന ഡീലർക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കഴിഞ്ഞ മാസം വൻ തുക പിഴയിട്ടിരുന്നു. വാഹന ഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. പാലാ തോട്ടുങ്കൽ സ്വദേശിയായ സാജു ജോസഫിന്റെ പരാതിയിലാണ് ഡീലറായ ഇറാം മോട്ടോഴ്സിന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പിഴ ചുമത്തിയത്. 50000 നഷ്ടപരിഹാരത്തിനൊപ്പം കൈപ്പറ്റിയ തുകയും അതിന്‍റെ പലിശയും ചേർത്ത് 21000 രൂപയും കൂടി നൽകാൻ ഉത്തരവിൽ പറയുന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ  ഥാർ സി ആർ ഡി ഇ 2020 മോഡൽ വാഹനത്തിന്റെ പരസ്യം കണ്ട് കോട്ടയത്തെ ഡീലറെ സമീപിച്ചപ്പോൾ 2020 ഒക്ടോബർ രണ്ടിനേ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുള്ളുവെന്നും 10000 രൂപ പ്രീ ബുക്കിംഗ് ആയി നൽകുകയാണെങ്കിൽ ഇന്ത്യയിൽ നിരത്തിലിറക്കുന്ന ആദ്യ വാഹനങ്ങളിൽ ഒന്ന് നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. ഔദ്യോഗിക ബുക്കിംഗ് 2020 ഒക്ടോബർ രണ്ടിന് ആരംഭിച്ചുവെങ്കിലും ഇറാം മോട്ടോഴ്സ് വാഹനം ബുക്ക് ചെയ്തത് 2020 നവംബർ 30 നാണ്. ബുക്കിംഗ് വൈകിയതിനാൽ 2021 ഫെബ്രുവരി പത്തൊൻപതിനേ വാഹനം ലഭിക്കുകയുള്ളുവെന്ന് ഡീലർ പരാതിക്കാരനെ അറിയിച്ചു. ഇതേത്തുടർന്നാണ് കമ്പനിയുടെ നിബന്ധനകൾക്ക് വിരുദ്ധമായിട്ടാണ് ഡീലർ പ്രീബുക്കിംഗ് ആയി 10000/ രൂപ കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments