ഏങ്ങണ്ടിയൂർ: ചേറ്റുവ ചലഞ്ചേഴ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റും മുൻ യൂണിവേഴ്സിറ്റി ഹാൻ്റ്ബോൾ താരവും മികച്ച കായികാദ്ധ്യാപകനുമായിരുന്ന ഡോ. എം.എം ഷെഫീർ മുഹമ്മദലിയുടെ (ഷെഫി മാഷ്) സ്മരണക്കായി ചേറ്റുവ ചലഞ്ചേഴ്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് ഗൾഫ് ഓവർസീസ് കമ്മറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കായികാദ്ധ്യാപകനുള്ള പ്രഥമ “ഷെഫി മാഷ് സ്മാരക പുരസ്ക്കാരം തൃശൂർ എരുമപ്പെട്ടി ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ പ്രധാന കായികാദ്ധ്യാപകൻ സി.എ മുഹമ്മദ് ഹനീഫക്ക്. തൃശൂർ ജില്ലാ സ്പോർട്ടസ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ സാംബശിവൻ ചെയർമാനും കായികാദ്ധ്യാപകൻ പി.സി രവി മാഷ് (എൻ.ഐ.എസ്), ഇർഷാദ് കെ. ചേറ്റുവ (ചലഞ്ചേഴ്സ് രക്ഷാധികാരി) എന്നിവരടങ്ങുന്ന അവാർഡ് സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പരിശീലന രംഗത്തെ മികവും, പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലെ പ്രാഗത്ഭ്യവും പരിഗണിച്ചാണ് പുരസ്ക്കാരം.
10001 രൂപയും പ്രശസ്ഥ ശില്പി സുധി പീപ്പി രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്ക്കാരം.
മാർച്ച് 25 ന് വൈകീട്ട് 4 ന് ചേറ്റുവ വി – സ്പോർട്ട്സ് അക്കാഡമി ടറഫ് ഗ്രൗണ്ടിൽ നടക്കുന്ന ഷെഫി മാഷ് രണ്ടാം ഓർമ വാർഷിക അനുസ്മരണ ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി പാപ്പച്ചൻ അവാർഡ് സമ്മാനിക്കുമെന്ന് ചലഞ്ചേഴ്സ് മുഖ്യ രക്ഷാധികാരി ഇർഷാദ് കെ. ചേറ്റുവ, പ്രസിഡൻ്റ് പി.എസ് മുഹമ്മദ്ഹാഷിം, സെക്രട്ടറി ആർ.എം റിസ്‌വാൻ എന്നിവർ അറിയിച്ചു.