ഗുരുവായൂർ : ഉത്സവത്തിന്റെ ആറാംവിളക്ക് ദിവസമായ തിങ്കളാഴ്ച മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കുന്ന കാഴ്ചശ്ശീവേലിക്ക് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിക്കും. ഉത്സവം കഴിയുന്നതുവരെ പകൽ കാഴ്ചശ്ശീവേലിക്കും പള്ളിവേട്ട, ആറാട്ടു ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനുമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക.
തിങ്കളാഴ്ച സ്വർണക്കോലം ആദ്യ എഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെനാണ് ശിരസ്സിലേറ്റാൻ അവസരം. അവസാനം മാർച്ച് ഒന്നിന് ആറാട്ടെഴുന്നള്ളിപ്പിന് കൊമ്പൻ നന്ദൻ സ്വർണക്കോലം വഹിക്കും. 191 സ്വർണപ്പൂക്കളുടെ നടുവിൽ മുരളിയൂതിനിൽക്കുന്ന കൃഷ്ണന്റേതാണ് ഗോളക. എഴുന്നള്ളിപ്പിന് പഞ്ചാരിയിൽ പുതുമകാട്ടി വകകൊട്ടുന്നത് ആറാംവിളക്കിന്റെ മറ്റൊരു പ്രത്യേകതയാണ്.