Saturday, November 23, 2024

ഇന്ത്യൻ കോഫീ ഹൗസിൽ ചായ കുടിച്ച് മടങ്ങിപ്പോയവർ മറന്നുവെച്ചത് 40 പവൻ സ്വർണാഭരണം; ബാഗ് ഉടമക്ക് കൈമാറി ഹോട്ടൽ ജീവനക്കാർ

ഗുരുവായൂർ: ഹോട്ടലിൽ ചായ കുടിച്ച് മടങ്ങിപ്പോയവർ മറന്നുവെച്ചത് 40 പവൻ സ്വർണാഭരണം. മേശപ്പുറത്തുനിന്ന് കിട്ടിയ ബാഗ് ജീവനക്കാർ മാറ്റിവെച്ചു. അല്പസമയം കഴിഞ്ഞ് ബാഗന്വേഷിച്ച് ഉടമയെത്തി. തുറന്നുനോക്കിയപ്പോൾ നിറയെ സ്വർണം. പിന്നീട് പോലീസിന്റെ സാന്നിധ്യത്തിൽ ആഭരണങ്ങൾ കൈമാറി. ഗുരുവായൂർ പടിഞ്ഞാറേനടയിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

പയ്യോളി ‘സുരഭി’യിൽ സതീഷ് ബാബുവിന്റേതായിരുന്നു 40 പവൻ സ്വർണമടങ്ങിയ ബാഗ്. കുടുംബസമേതമായിരുന്നു ഇവർ ഹോട്ടലിലെത്തിയത്. ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള ലോഡ്ജിലേക്ക്‌ മടങ്ങി. അതിനുശേഷം ഹോട്ടലിലെ അതേ സീറ്റിൽ മറ്റൊരു കുടുംബം വന്നിരുന്നു. അപ്പോഴും ബാഗ് അവിടെത്തന്നെയുണ്ടായിരുന്നു. ജീവനക്കാരായ ജയപ്രകാശ്, രമേശ് ബാബു എന്നിവർ ബാഗെടുത്ത് മാറ്റിവെച്ചു. ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു ബാഗ് നഷ്ടപ്പട്ടത് സതീഷ്‌ബാബു അറിഞ്ഞത്. വിവരമറിഞ്ഞ് ഭാര്യ മുറിയിൽ തളർന്നുവീണു. ടെമ്പിൾ സ്റ്റേഷനിൽ സി.ഐ രഞ്ജിത്ത്, എസ്.ഐ.മാരായ കെ ഗിരി, വി.പി അഷറഫ് എന്നിവരുടെ സാന്നിധ്യത്തിൽ ജീവനക്കാർ സ്വർണം ഉടമയ്ക്ക് കൈമാറുകയായിരുന്നു.

അടുത്തിടെ വിവാഹം കഴിഞ്ഞ മകളുടെ കല്യാണമാലയും മറ്റ് ആഭരണങ്ങളുമായിരുന്നു ബാഗിൽ. വീട്ടിൽ ആരുമില്ലാത്തതിനാൽ സുരക്ഷ ഉറപ്പാക്കാനാണ് സ്വർണം ഗുരുവായൂരിലേക്ക് കൊണ്ടുവന്നതെന്ന് സതീഷ് ബാബു പോലീസിനോടു പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments