പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. പരിപാടിയിൽ നിന്നും ടി.എൻ പ്രതാപൻ എം.പിയെ ഒഴിവാക്കിയത് അടക്കമുള്ള എൽ.ഡി.എഫ് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൂസ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്ര സർക്കാറിൻ്റെ റര്‍ബ്ബണ്‍ മിഷന്‍ പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 1.43 കോടി രൂപ ചെലവിട്ടാണ്
സംസ്ക്കാരിക സമുച്ചയത്തിൻ്റെയും, ആര്‍ട്ട് ഗ്യാലറിയുടെയും പണി പൂർത്തീകരിച്ചത്. റര്‍ബണ്‍ മിഷന്‍ പദ്ധതിയുടെ ജില്ല ചെയർമാൻ എം.പിയാണ്.
പ്രോട്ടോകോൾ പ്രകാരം എംപിയെ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടതുണ്ട്. എന്നാൽ രാഷ്ട്രീയ പ്രേരിതമായി എം.പിയെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അവഗണിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കമ്മ്യൂണിറ്റി ഹാളിന് കോൺഗ്രസ് മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ സക്കരിയ നിർദേശിച്ച എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിടാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ അട്ടിമറിച്ചാണ് കമ്യൂണിറ്റി ഹാളിന് പുതിയ പേരിട്ടത്. കൂടാതെ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ട് മൂന്ന് വർഷം മുൻപ് പണി പൂർത്തീകരിക്കാത്ത കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നിർവഹിച്ചു എന്ന തരത്തിൽ കമ്മ്യൂണിറ്റി ഹാളിൽ ഫലകം സ്ഥാപിച്ചിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഏർപ്പാടാണ് സിപിഎം ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നതന്നും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്രദമായ കമ്മ്യൂണിറ്റിഹാൾ തുറന്ന് പ്രവർത്തിക്കാൻ വൈകിയത് സി.പി.എം ഭരണസമിതിയുടെ ഇഴഞ്ഞ് പോക്കാണെന്നും മൂസ ആലത്തയിൽ കുറ്റപ്പെടുത്തി.