ഗുരുവായൂർ: ഗുരുവായൂരിൽ നിർത്തിവെച്ച പാസഞ്ചർ തീവണ്ടി വരുമെന്ന് പ്രതീക്ഷിച്ച് ഇനിയാരും കാത്തിരിക്കേണ്ട. ലാഭകരമല്ലാത്തതിനാൽ സർവീസ് തുടരാൻ കഴിയില്ലെന്നാണ് റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ വന്നപ്പോൾ സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നിവേദനം നൽകിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു പാസഞ്ചർ പുനരാരംഭിക്കണമെന്നത്. ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ നിർത്തിവെച്ചതുകാരണം നിരവധി യാത്രക്കാരാണ് പ്രയാസത്തിലായതെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. അതിനുമറുപടിയായി ഇന്നലെ സേവ് മിഷന് ഇ-മെയിൽ സന്ദേശം ലഭിച്ചു. പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നത് ഒട്ടും ഗുണകരമല്ലെന്ന് റെയിൽവേ തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ മാനേജർ എം.ആർ. വിജിയാണ് മറുപടി അയച്ചിരിക്കുന്നത്.
നിവേദനത്തിലെ ആവശ്യം സംബന്ധിച്ച് ഗുരുവായൂർ റെയിൽവേയിൽ അന്വേഷണം നടത്തിയതായി എ.ഡി.എം അറിയിച്ചു. അതേസമയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ സ്റ്റേഷൻ വികസനപദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് അറിയിച്ചു. അതിന്റെ ടെൻഡർ നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും അറിയിച്ചു.