ചാവക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചാവക്കാട് മണത്തല ഐനിപ്പുളളി ദേശം പൊന്നുപറമ്പിൽ വീട്ടിൽ നിജിത്തി (27) നെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ഗുരുവായൂർ, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, വധശ്രമമടക്കമുളള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിജിത്ത് അടുത്തിടെയാണ് ആറുമാസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ചാവക്കാട് മേഖലകളിൽ സ്ഥിരം ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു വേണ്ട നടപടികൾ പുരോഗമിക്കുന്നതായി ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ് അറിയിച്ചു. ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് നിജിത്തിനെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ടാജി, അൻവർ സാദത്ത്, സി.പി.ഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.