Friday, November 22, 2024

കൊൽക്കത്തയിൽ ഡി.വൈ.എഫ്.ഐയുടെ പടുകൂറ്റൻ റാലി; ഇത് തുടക്കമെന്ന് മുഹമ്മദ് സലീം

കൊൽക്കത്ത: സംസ്ഥാനവ്യാപകമായി ഡി.വൈ.എഫ്.ഐ. നടത്തിവന്ന ‘ഇൻസാഫ് യാത്ര’യ്ക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് പതിനായിരങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലിയോടെ സമാപനം. ബംഗാളിൽ മമതയ്ക്കും ബി.ജെ.പി.ക്കും എതിരായ പോരാട്ടം ബ്രിഗേഡിൽനിന്ന് തുടങ്ങുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാനസെക്രട്ടറി സെക്രട്ടറി മുഹമ്മദ് സലീം പ്രഖ്യാപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം. നേടിയ ജയങ്ങൾ ട്രെയിലർ മാത്രമാണ്. യഥാർഥ സിനിമ വരാൻപോകുന്നേയുള്ളൂ. ഈ പോരാട്ടത്തിൽ ജാതിയോ മതമോ അല്ല വിഷയം. പശ്ചിമ ബംഗാളിനെ മണിപ്പുരോ ഉത്തർപ്രദേശോ ആക്കാൻ അനുവദിക്കില്ല. മമതാ ബാനർജിക്ക് ബംഗാളിന്റെ കാര്യത്തിലല്ല, സ്വന്തം കുടുംബത്തിന്റെ കാര്യത്തിലാണ് ശ്രദ്ധയെന്നും മുഹമ്മദ് സലീം പറഞ്ഞു. നീതിയാത്ര സമാപിച്ചെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷ മീനാക്ഷി മുഖർജി പറഞ്ഞു. ഇടതുപക്ഷം പൂജ്യമാണെന്ന് പരിഹസിക്കുന്നവർ സത്യത്തിൽ അതിനെ ഭയക്കുകയാണ്. വർഷങ്ങളായി കാത്തിരുന്നിട്ടും ജോലി കിട്ടാതെ സ്വന്തം മുടിമുറിച്ച് പ്രതിഷേധിച്ച പെൺകുട്ടിയെപ്പോലുള്ളവരുടെ ഒപ്പം നിന്ന് നീതിക്കുവേണ്ടി പോരാടുമെന്നും മീനാക്ഷി പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തശേഷം ഡി.വൈ.എഫ്.ഐ. സ്ഥാപകസെക്രട്ടറി ബുദ്ധദേബ് ഭട്ടാചാര്യയുടെ സന്ദേശവും മീനാക്ഷി സദസ്സുമായി പങ്കുവെച്ചു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന സെക്രട്ടറി ഹിമഘ്‌നരാജ് ഭട്ടാചാര്യ, മുൻ സെക്രട്ടറി ആഭാസ് റോയ് ചൗധരി തുടങ്ങിയവരും സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments