തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവര്‍ത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ വിലയിരുത്തി. 2023- 24 വര്‍ഷത്തെ എംപി ഫണ്ടില്‍ നിന്നും 100ല്‍ പരം മിനി മാസ്റ്റ്- ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 30ഓളം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളും, ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് മുന്‍സിപ്പാലിറ്റി പരിധിയില്‍ 72 ല്‍ പരം മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകളുമാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 17 കോടി രൂപയുടെ ഭരണാനുമതി ഇതിനോടകം നല്‍കി കഴിഞ്ഞു. ബാക്കിയുള്ള 2.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്നും എംപി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം കൈവരിക്കണമെന്ന് അവലോകന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി പറഞ്ഞു. മോഡല്‍ അംഗനവാടികള്‍ ഉള്‍പ്പെടെ വിവിധ അംഗനവാടികളുടെ നിര്‍മാണോദ്ഘാടനവും യോഗത്തില്‍ തീരുമാനിച്ചു. കാലതാമസം നേരിടുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് ഡിപിഒ നിര്‍ദ്ദേശം നല്‍കി. എസ് സി, എസ് ടി ഫീസിബിലിറ്റി ലഭ്യമായ പ്രവര്‍ത്തികള്‍ക്കായി അടിയന്തരമായി ഫണ്ട് അനുവദിക്കാനും ഫെബ്രുവരി 17 ന് അന്തിമ യോഗം ചേരാനും തീരുമാനിച്ചു. അവലോകനയോഗത്തില്‍ കോര്‍പ്പറേഷന്‍ ബ്ലോക്ക്- പഞ്ചായത്ത്തല സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.