തൃശൂർ: മുസ്ലീംലീഗ് പ്രവര്‍ത്തകൻ അകലാട് പെരുമ്പുള്ളി സുലൈമാൻ കുട്ടി വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സി.പി.എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. പുന്നയൂർ അകലാട് മൂന്നയിനി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ കുന്നത്ത് ഹംസു, നൈനാർ ഹനീഫ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 2006 ഏപ്രിൽ 16 നാണ് സി.പി.എം നേതാവും ചാവക്കാട് നഗരസഭ ചെയർമാനുമായിരുന്ന കെ.പി വത്സലൻ കുത്തേറ്റ് മരിച്ചത്. വൽസലൻ മരിച്ച് ഒരു വർഷമായപ്പോൾ കേസിലെ ഒന്നാംപ്രതി സുലൈമാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.